ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമിശാസ്ത്രവും ഭൂപടവും

തൃശ്ശൂര്‍ ജില്ലയിലെ തൃശ്ശൂര്‍ താലൂക്കില്‍ ചേര്‍പ്പ് ബ്ളോക്കിലാണ് ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഊരകം, ചൊവ്വൂര്‍, ചേര്‍പ്പ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചേര്‍പ്പ് പഞ്ചായത്തിന് 20.88 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 21 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ അവിണിശ്ശേരി, വല്ലച്ചിറ, പാറളം, പൊറത്തിശ്ശേരി, ചാഴൂര്‍ എന്നിവയാണ്. കേരളത്തിലെ പ്രശസ്തമായ പെരുവനം മഹാദേവക്ഷേത്രത്തിന് ചുറ്റുമായി ചേര്‍പ്പ് പഞ്ചായത്ത് വ്യാപിച്ചുകിടക്കുന്നു.പ്രാചീനകേരളത്തിലെ 64  ഗ്രാമങ്ങളില്‍ പെരുവനം ഗ്രാമത്തിന് പ്രമുഖസ്ഥാനമുണ്ടായിരുന്നു. പുരു മഹര്‍ഷി തപസ്സുചെയ്തിരുന്ന സ്ഥലമാണ് പുരുവനം അഥവാ പെരുവനം എന്നാണ് ഐതിഹ്യം.അതിപ്രാചീനകാലത്ത് തെക്ക് കൊടുങ്ങല്ലൂര്‍ ഊഴത്ത് ശാസ്താവും, വടക്ക് അകമലശാസ്താവും, കിഴക്ക് കുതിരാന്‍മുടി അയ്യപ്പനും, പടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പനും കാവല്‍ നില്‍ക്കുന്ന ദേശമെന്നാണ് അതിവിസ്തൃതമായ ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. പ്രാചീനകാലത്ത് പെരുവനത്ത് നടന്നുവന്നിരുന്ന ഉത്സവമാണ് ഇന്നും തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പൂരങ്ങള്‍ക്ക് ഉറവിടമായിത്തീര്‍ന്നത്. വിദ്യാരംഭത്തില്‍ എഴുത്തിനിരുത്തുന്നതിന് പ്രസിദ്ധമായ തിരുവുള്ളക്കാവ് കരകൌശലനിര്‍മ്മിതിയ്ക്ക് ഖ്യാതി നേടിയ ചേര്‍പ്പ്,കുന്നത്തുംമുകള്‍,ഫര്‍ണിച്ചര്‍ വ്യവസായത്തിന് പേരുകേട്ട ചൊവ്വൂര്‍, ജൈനമതകേന്ദ്രമായിരുന്ന പാറക്കോവില്‍, ചരിത്രപ്രസിദ്ധമായ ഊരകം, പെരുവനം പ്രദേശങ്ങള്‍, കാര്‍ഷികമേഖലയായ ജൂബിലി തേവര്‍പടവ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സവിശേഷതകളുള്ള സ്ഥലങ്ങള്‍ ധാരാളമായുള്ള പഞ്ചായത്താണ് ചേര്‍പ്പ്. തൃശ്ശൂര്‍ താലൂക്കിന്റെ തെക്കെ അതിര്‍ത്തിയായ കരുവന്നൂര്‍പുഴ ചേര്‍പ്പ് പഞ്ചായത്തിന്റെയും അതിര്‍ത്തിയാണ്. കുന്നുകളും കോള്‍നിലങ്ങളും താഴ്വരയും തീരസമതലങ്ങളും ഉയര്‍ന്ന സമതലങ്ങളും ചെരിവുകളും പഞ്ചായത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകളാണ്.കായലും കുന്നും കൂടിച്ചേര്‍ന്ന പ്രദേശമായതുകൊണ്ട് ഈ സ്ഥലത്തിന് ചേര്‍പ്പ് എന്ന് നാമകരണം ചെയ്യപ്പെട്ടു എന്നാണ് പണ്ഡിതമതം. ആദ്യകാലത്ത് പഞ്ചായത്തിന്റെ പേര് ഊരകം പഞ്ചായത്ത് എന്നായിരുന്നു. ചിറ്റൂര്‍മനക്കാരുടെ സ്വാധീനം മൂലമാണ് പഞ്ചായത്തിന്റെ പേര് ചേര്‍പ്പ് എന്നായത്. 1953-ല്‍ രൂപീകൃതമായ ചേര്‍പ്പ് പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ് എം.കെ.മേനോന്‍ ആയിരുന്നു. തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചേര്‍പ്പ് ഗ്രാമപഞ്ചായത്ത്. തൃശ്ശൂര്‍-തൃപ്രയാര്‍, തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ പാതകള്‍ ഈ പഞ്ചായത്തിനെ മുറിച്ച് കൊണ്ട് കടന്നുപോകുന്നു. ചേര്‍പ്പിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പൂച്ചിന്നിപ്പാടം-ഒല്ലൂര്‍ റോഡ് പഞ്ചായത്തിന്റെ കിഴക്കുഭാഗത്തു കൂടി കടന്നുപോകുന്നു. പെരുവനം ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള പ്രദേശമാണ് ചേര്‍പ്പ് എന്ന പേരിലറിയപ്പെടുന്നത്. ആ സ്ഥലനാമമാണ് പഞ്ചായത്തിനും ലഭിച്ചിട്ടുള്ളത്.

Map
  • Letter
  • Ward Map